• bnew2
  • bnew3
  • bnew4
  • bnew5
  • bnews1
Slider Bootstrap by WOWSlider.com v5.0

PDF Print E-mail

  User Rating: / 1                      PoorBest 
ബാംഗ്ലൂര്‍ കേരള സമാജം: നടക്കുന്നത് താന്തോന്നിത്തം: രജിസ്ട്രാര്‍ ഇടപെടുന്നു... കേസുകള്‍ ഏഴ്... അന്വേഷിക്കണമെന്ന് കോടതി
M.J.Francis  |  Sunday, 18 September 2016 19:14
altബാംഗ്ലൂര്‍ കേരള സമാജത്തില്‍ നടക്കുന്നത് തികച്ചും താന്തോന്നിത്തമാണെന്നും ഒരു സംഘടനയുടെ നടത്തിപ്പില്‍ പാലിക്കേണ്ട സാമാന്യ നീതി പോലും പാലിക്കപ്പെടുന്നില്ല എന്നും ചൂണ്ടികാട്ടി കഴിഞ്ഞ ലക്കങ്ങളില്‍ പ്രവാസഭൂമി ഉന്നയിച്ച ആ രോപണങ്ങള്‍ ശരിയാണെന്നു തെളിയുന്നു. കേരള സമാജം ഭാരവാഹികള്‍ക്കെതിരെ ഭീക്ഷണിയും, സാമ്പത്തിക ക്രമക്കേടുകളും ഉള്‍പ്പെടെ ഏഴു അന്യായങ്ങളാണ് 4 അഡീഷണല്‍ മെട്രോപോളിറ്റിയന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍(ACMM) രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. കേസുകള്‍ ഫയലില്‍ സ്വീകരിച്ച കോടതി എഫ്‌ഐആര്‍ എടുത്ത് കേസില്‍ അന്വേഷണം ആരംഭിക്കുവാന്‍ ഇന്ദിരാനഗര്‍ പോലീസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അതോടൊപ്പം കേരള സമാജത്തിന്റെ നടത്തിപ്പിലെ ക്രമക്കേടുകളെക്കുറിച്ച് രജിസ്ട്രാര്‍ ഓഫീസില്‍ നല്‍കിയ പരാതികളുടേമേല്‍ ഡപ്യൂട്ടി രജിസ്ട്രാര്‍ ഓഫ് സൊസൈറ്റി അന്വേഷണം ആരംഭിച്ചു.

മൂന്നു വര്‍ഷം മുമ്പുള്ള രേഖകളില്‍ ഒപ്പിടാത്തതിന് മുന്‍ ട്രഷറര്‍ക്ക് ഭീക്ഷണി:
കേരളസമാജത്തിന്റെ 2013-14 കാലഘട്ടത്തിലെ അക്കൗണ്ടിലും മറ്റ് രേഖകളിലും അന്നത്തെ ട്രഷറര്‍ എന്ന നിലയില്‍ ഒപ്പിടണമെന്നാവശ്യപ്പെട്ട് കേരള സമാജം ഭാരവാഹികള്‍ ഭീക്ഷണിപ്പെടുത്തുന്നതായും; ഫെഡറല്‍ ബാങ്ക് മാനേജര്‍മാരുടെ ഒത്താശയോടെ സാമ്പത്തിക തിരിമറികള്‍ നടത്തിയിരുന്നതായും കാണിച്ച് മുന്‍ ട്രഷറര്‍ ഒ.വി ചിന്നന്‍ എ.സി.എം.എം കോടതിയില്‍ പിസിആര്‍ ഫയല്‍ ചെയ്തു. പരാതി ഫയലില്‍ സ്വീകരിച്ച കോടതി കേരള സമാജം പ്രസിഡന്റ് സി.പി രാധാകൃഷ്ണന്‍, സെക്രട്ടറി റജികുമാര്‍ കേരള സമാജത്തിന് അക്കൗണ്ടുള്ള ഫഡറല്‍ ബാങ്ക് ആര്‍ടി നഗര്‍, ബാനസവാടി, കെആര്‍പുരം ബാഞ്ച് മാനേജര്‍മാര്‍ എന്നിവരെ പ്രതികളാക്കി അന്വേഷണം നടത്തുവാന്‍ ഉത്തരവിട്ടു. കോടതി ഉത്തരവു പ്രകാരം ഇന്ദിരാനഗര്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

2011-14 കാലഘട്ടത്തില്‍ കേരള സമാജം ടഷറര്‍ ആയിരുന്ന ഒ.വി ചിന്നനോട് 2013-14ലെ അക്കൗണ്ടുകളിലും രേഖകളിലും ട്രഷറര്‍ അന്നത്തെ എന്ന നിലയില്‍ ഇപ്പോള്‍ ഒപ്പിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ (2016) ജൂലൈ 21ന് കേരള സമാജം സെക്രട്ടറി റെജികുമാര്‍ നോട്ടീസ് കൊടുത്തതോടെയാണ് പ്ര ശ്‌നങ്ങള്‍ ആരംഭിക്കുന്നത്. ആവശ്യം നിരസിച്ചപ്പോള്‍ തന്നെ ഭീക്ഷണിപ്പെടുത്തിയതായി ചിന്നന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

താന്‍ ട്രഷറര്‍ ആയിരുന്ന കാലഘട്ടത്തില്‍ ട്രഷറര്‍ എന്ന നിലയില്‍ താന്‍ സൂക്ഷിക്കേണ്ടുന്ന ഒരു റിക്കാര്‍ഡുകളും തനിക്കു ലഭിച്ചിട്ടില്ല. അതിനാല്‍ റിക്കാര്‍ഡുകളും റസീപ്റ്റുകളും പരിശോദിക്കാതെ മുന്‍ ട്രഷറര്‍ എന്ന നിലയില്‍ ഒരിടത്തും താന്‍ ഒപ്പു വക്കുകയില്ലന്നു ചിന്നന്‍ പറയുന്നു. 2013-14സാമ്പത്തിക വര്‍ഷത്തിനു ശേഷമുള്ള കണക്കുകള്‍ അവതരിപ്പിക്കുകയും പാസ്സാക്കുകയും ചെയ്തതായിട്ടാണ് കേരളസമാജം ഭാരവാഹികള്‍ അവകാശപ്പെട്ടിരുന്നത്. 2013-14 വര്‍ഷത്തെ കണക്ക് അവതരിപ്പിച്ച് പാസ്സാക്കാതെ അതിനു ശേഷമുള്ള സാ മ്പത്തിക വര്‍ഷങ്ങളിലെ അക്കൗണ്ടുകള്‍ എങ്ങനെ പൂര്‍ത്തീകരിക്കപ്പെട്ടു എന്നത് മനസ്സിലാക്കുവാന്‍ സാധിക്കാത്ത കാര്യമാണ്.

ചിന്നന്‍ ട്രഷററായിരുന്ന 2011-14 കാലഘട്ടത്തില്‍ ഏതാണ്ട് 70,00,000ലേറെ രൂപയുടെ ഇടപാടുകള്‍ കേരള സമാജത്തിനു അക്കൗണ്ടുകളിലൂടെ നടത്തപ്പെട്ടിട്ടുണ്ട്. ഈ ഇടപാടുകളിലെല്ലാം ചെക്കുകളില്‍ ഒപ്പിട്ടിരിക്കുന്നത് പ്രസിഡന്റും സെക്രട്ടറിയും കൂടിയാണ്. പ്രസ്തുത ബാങ്കുകളിലെ മാനേജര്‍മാരുമായി കൂടിച്ചേര്‍ന്നുള്ള ഒത്തുകള്ളകളിയാണ് നടന്നിട്ടുള്ളതെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. തന്റെ കള്ളയൊപ്പ് പോലും പല രേഖകളിലും ഇട്ട് കേരള സമാജം അംഗങ്ങളെ പറ്റിച്ചിരുന്നതായി പരാതിയില്‍ പറയുന്നു.
കേരള സമാജത്തിന്റെ നിയമ പ്രകാരം ചെക്കുകള്‍ ഒപ്പിടേണ്ടത് പ്രസിഡന്റും ട്രഷറും കൂടിയായിരിക്കണം. അതുപോലെതന്നെ മെമ്പര്‍ഷിപ്പ് ബുക്കുകളുടേയും, റസീപ്റ്റുകളുടേയും അക്കൗണ്ട് ബുക്കുകളുടേയും മറ്റും കസ്റ്റോഡിയന്‍ ട്രഷറര്‍ ആണ്. എന്നാല്‍ ഇതൊന്നും തനിക്കു നല്‍കാതെ 2013-14നു മുമ്പുള്ള വര്‍ഷങ്ങളിലെ കണക്കുകള്‍ തന്നെകൊണ്ട് നിര്‍ബ്ബന്ധിച്ച് ഒപ്പിടീപ്പിക്കുകയായിരുന്നുവെന്ന് ചിന്നന്‍ ആരോപിക്കുന്നു.

കെ.എന്‍.ഇ ട്രസ്റ്റിന്റെ ഭൂമിയിടപാടില്‍ ഒരു കോടി വെട്ടിച്ചെന്ന് ആരോപണം. മൂന്ന് പരാതികളില്‍ കേസെടുത്ത് കോടതി:
കോലാര്‍ ജില്ല, മാലൂര്‍ താലൂക്കില്‍ കസബഹള്ളിക്കടുത്ത് ലിങ്കപ്പ വില്ലേജില്‍ കെഎന്‍ഇ ട്രസ്റ്റ് 2 ഏക്കര്‍ സ്ഥലം വാങ്ങിയതില്‍ ഒരു കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നും അതിനെപറ്റി അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് എ.സി.എം.എം കോടതിയില്‍ പരാതി. കെഎന്‍ഇ ട്രസ്റ്റ് പര്‍ച്ചേസിങ് കമ്മറ്റി ചെയര്‍മാനും കേരള സമാജം പ്രസിഡന്റുമായ സി.പി രാധാകൃഷ്ണന്‍, കമ്മറ്റി മെമ്പറും കേരള സമാജം സെ ക്രട്ടറിയുമായ റെജികുമാര്‍ എന്നിവരെ പ്രതികളാക്കി ലിങ്കണ്‍ വാസുദേവന്‍, എസ്.സതീഷ്, ബി.ജയപ്രകാശ് എന്നിവര്‍ നല്‍കിയ വ്യത്യസ്ഥ പി.സി.ആറുകള്‍ ഫയലില്‍ സ്വീകരിച്ച കോടതി പ്രതികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ഇന്ദിരാനഗര്‍ പോലീസിനോട് ആവശ്യപ്പെട്ടു.
മാലൂരില്‍ നിന്ന് രണ്ട് കിലോമീറ്ററുകള്‍ ഉള്ളിലുള്ള കസബഹള്ളി, ലിങ്കപ്പ വില്ലേജില്‍ ഏക്കറിന് 50 ലക്ഷത്തില്‍ താഴെ മാത്രമാണ് മാര്‍ക്കറ്റ് വാല്യു ഉള്ളത്. സ്ഥലം വാങ്ങിയതാകട്ടെ ഏക്കറിന് 89 ലക്ഷം രൂപ വില പ്രകാരം 1.78 കോടി രൂപക്കും. എന്നാല്‍ രജിസ്‌ട്രേഷനില്‍ കാണിച്ചിരിക്കുന്നത് ഏക്കറിന് 37,40,000രൂപ പ്രകാരം ആകെ 74,80,000 രൂപ മാത്രമാണെന്ന് കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മാലൂരില്‍ നിന്ന് 2.50 കി.മീറ്റര്‍ ഉള്ളിലുള്ള ഉള്‍നാടന്‍ ഗ്രാമമായ ലിങ്കപ്പവില്ലേജില്‍ സ്ഥലത്തിനു ആ വിലപോലുമില്ലായിരുന്നുവെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. പ്രസ്തുത ഭൂമിയിടപാടില്‍ പൊതു സ്ഥാപനമായ കെ.എന്‍.ഇ ട്രസ്റ്റിന് ഒരു കോടിയിലേറെ രൂപ നഷ്ടമുണ്ടായതായി പരാതിയില്‍ പറയുന്നു.

കെഎന്‍ഇ ട്രസ്റ്റിന്റെ നിയമ പ്രകാരം ട്രസ്റ്റിന്റെ പ്രവര്‍ത്തന മേഖല ബാംഗ്ലൂര്‍ നഗര ജില്ല പരിധിക്കുള്ളില്‍ മാത്രമാണ്. അതുപ്രകാരം കോലാര്‍ ജില്ലയിലെ ഉള്‍നാടന്‍ ഗ്രാമമായ ലിങ്കപ്പ വില്ലേജില്‍ വിദ്യാലയങ്ങള്‍ സ്ഥാപിച്ച് പ്രവര്‍ത്തിക്കുവാന്‍ ട്രസ്റ്റിനാവില്ല. കൂടാതെ അത്തരം ഒരു സ്ഥാപനം അവിടെ സ്ഥാപിച്ചതു കൊണ്ട് മലയാളികള്‍ക്ക് യാതൊരു ഗുണവും ഉണ്ടാവുന്നുമില്ല. എന്നാല്‍ പ്രസ്തുത സ്ഥലത്ത് വന്‍കിട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വരുന്നുവെന്നു കാണിച്ച് സൈറ്റ് വില്‍പ്പന നടത്തുന്ന ചില റിയല്‍ എസ്റ്റേറ്റ് ലോഭികള്‍ക്കു മാത്രമാണ് ഈ ഇടപാടില്‍ ലാഭം എന്ന് പരാതിയില്‍ പറയുന്നു. കെഎന്‍ഇ ട്രസ്റ്റ് സ്ഥലം വാങ്ങുന്നതിനു മുമ്പ് മാലൂരില്‍ കേരള ഗ്രാമം പണിയുവാന്‍ പോകുന്നുവെന്ന് കൊട്ടിഘോഷിച്ചു നടന്നവര്‍ ട്രസ്റ്റിനെകൊണ്ട് മാലൂരില്‍ തന്നെ സ്ഥലം വാങ്ങിപ്പിച്ചതോടെ കേരളഗ്രാമം വിജയിക്കില്ല എന്ന നിലപാടിലേക്ക് ചുവടുമാറ്റിയതുമായി കൂട്ടിവായിക്കുമ്പോഴാണ് ട്രസ്റ്റിനെ കൊണ്ട് മാലൂരില്‍ തന്നെ സ്ഥലം വാങ്ങിപ്പിച്ചതിന്റെ പിന്നില്‍ മറ്റെന്തോ ഗൂഢ ഉദ്ദേശമാണ് ഉള്ളതെന്ന സംശയം ബലപ്പെടുന്നത്.


കേരള സമാജം ഭാരവാഹികളെന്ന നിലയില്‍ സ്ഥലം കണ്ടെത്തി വാങ്ങുന്നതിന്റെ പൂര്‍ണ്ണ ചുമതല പര്‍ച്ചേസിങ് കമ്മറ്റിയെ ഏല്‍പ്പിച്ചിരുന്നുവെന്നും അവര്‍ പറയുന്നത് താന്‍ വിശ്വസിക്കുക മാത്രമായിരുന്നുവെന്നും അതിനാല്‍ സ്ഥലം വാങ്ങിയതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം പര്‍ച്ചേസിങ് കമ്മറ്റിക്ക് മാത്രമാണെന്നുമാണ് അന്നത്തെ പ്രസിഡന്റ് കുഞ്ചെറിയ ഇതിനെപ്പറ്റി പ്രതികരിച്ചത്. എന്നാല്‍ കോര്‍ട്ട് വിധിയുടെ അടിസ്ഥാനത്തില്‍ നിലവില്‍ വന്ന കെഎന്‍ഇ ട്രസ്റ്റ് നിയമാവലി പ്രകാരം കാലാവധി കഴിഞ്ഞ ഒരു കമ്മറ്റിയുടെ അംഗങ്ങള്‍ക്ക് എക്‌സ് ഒഫിഷ്യോ ആയി കെഎന്‍ഇ ട്രസ്റ്റില്‍ തുടരുവാനും ട്രസ്റ്റിലെ ചുമതലകള്‍ ഏറ്റെടുത്തു നടപ്പിലാക്കുവാനും അധികാരമുണ്ടോ എന്നും അവര്‍ നടപ്പിലാക്കുന്ന നടപടികള്‍ക്ക് നിയമ പ്രാബല്യം ഉണ്ടാകുമോ എന്നും അ റിയുവാനുള്ള ആകാംക്ഷയിലാണ് ബാംഗ്ലൂര്‍ മലയാളികള്‍. അതോടൊപ്പം എക്‌സ് ഒഫിഷ്യോയുടെ അധികാരാവകാശങ്ങള്‍ കോടതിയില്‍ പുനര്‍ നിര്‍ണ്ണയം ചെയ്യപ്പെടുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു.


സാമ്പത്തിക തിരിമറി ആരോപിച്ച് മൂന്നു കേസുകള്‍:
 
കേരള സമാജത്തിന്റെ കണക്കുകളില്‍ കൃത്രിമത്വം നടക്കുന്നു എന്ന് കാണിച്ച് സുധാകരന്‍ രാമന്തളി, എസ്. സ തീശ്, ബി.ജയപ്രകാശ് എന്നിവര്‍ എ.സി.എം.എം കോടതിയില്‍ നല്‍കിയ വ്യത്യസ്ഥ പി.സി.ആറുകള്‍ ഫയലില്‍ സ്വീകരിച്ച് അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. കേരള സമാജത്തില്‍ വന്‍ സമ്പത്തിക തിരിമറിയാണ് നടക്കുന്നത്. സമാജത്തിന്റെ മെമ്പര്‍ഷിപ്പ് ഫീസ് 250രൂപ ആയിരുന്നത് ഒറ്റയടിക്ക് 1000രൂപയായി വര്‍ദ്ധിപ്പിക്കുകയും അതു പ്രകാരം മെമ്പര്‍ഷിപ്പ് പുതുതായി നല്‍കിയ 600പേരുടെ എങ്കിലും മെമ്പര്‍ഷിപ്പ് ഫീസ് തുക അക്കൗണ്ടില്‍ കാണിച്ചിട്ടില്ല. മരിച്ചുപോയ പഴയകാല മെമ്പര്‍മാരുടെ പേരുവെട്ടി പുതിയ മെമ്പര്‍മാരെ അവിടെ തിരികെക്കയറ്റി തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് തെളിവുസഹിതം അവര്‍ ഉന്നയിച്ചിരിക്കുന്നത്. ട്രഷററുടെ അറിവോ സമ്മതമോ ഇല്ലാതെ സാമ്പത്തിക ക്രയവിക്രയം നടത്തിയെന്നും പല ഇടപാടുകള്‍ക്കും റസീപ്‌റ്റോ വൗച്ചറോ പോലുമില്ലന്നും പരാതിയില്‍ പറയുന്നു.

2014ല്‍ ആണ് കേരള സമാജത്തിന്റെ ജനറല്‍ ബോഡി യോഗം അവസാനമായി ചേര്‍ന്നത്. ഭരണഘടന ഭേദഗതി ക്കും കണക്കവതരപ്പിച്ച് പാസ്സാക്കുന്നതിനുമാണ് അന്ന് ജനറല്‍ ബോഡി വിളിച്ചതെങ്കിലും പ്രസ്തുത ജനറല്‍ബോഡി യോഗം വിളിച്ചത് നിയമപ്രകാരമുള്ള യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയായിരുന്നു. ജനറല്‍ ബോഡി യോഗം വിളിക്കുമ്പോള്‍ കണക്കുകളും ഭരണഘടന ഭേദഗതികളുടെ വിവരങ്ങളും കാണിച്ച് മെമ്പര്‍മാര്‍ക്ക് നോട്ടീസയക്കണം അവര്‍ക്ക് അഭിപ്രായം രേഖപ്പെടുത്താന്‍ അവസരം നല്‍കണം എന്നാല്‍ ഇതൊന്നും പാലിക്കാതെ ചോദ്യം ചെയ്ത മെമ്പര്‍മാരെ മുന്‍കൂട്ടി തയ്യാറാക്കി നിര്‍ത്തിയ അനുയായികളുടെ കായികബലത്താല്‍ നിശബ്ദരാക്കുകയാണ് ചെയ്തത് എന്ന ആരോപണം അന്നുതന്നെ ഉയര്‍ന്നിരുന്നു. കൂടാതെ നിയമഭേദഗതിയുടെയും ജനറല്‍ ബോഡിയുടേയും തീരുമാനങ്ങള്‍ രജിസ്ട്രാര്‍ ഓഫീസില്‍ സമര്‍പ്പിച്ച്
അംഗീകാരം നേടിയിരിക്കണം. അതിനുശേഷം മാത്രമേ നിയമം പ്രാബല്യത്തില്‍ വരൂ. എന്നാല്‍ രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും നാളിതുവരെയായിട്ടും പ്രസ്തുത നിയമങ്ങള്‍ അംഗീകരിച്ചതായി സര്‍ട്ടിഫൈ ചെയ്തു ലഭിച്ചിട്ടില്ല. പിന്നെയെങ്ങനെ നിയമം പ്രാബല്യത്തില്‍ വരുത്തി നടപ്പിലാക്കിയെന്നത് ദുരൂഹമാണ്. ഇതു തന്നെയാണ് ഭരണസമിതിയുടേയും അവസ്ഥ. ഒരുവര്‍ഷം മാത്രം കലാവധി ഉണ്ടായിരുന്ന ഭാരവാഹികളുടെ കാലാവധി രണ്ടു വര്‍ഷമായി ഉയര്‍ത്തി ഭരണഘടന ഭേദഗതി പ്രസ്തുത ജനറല്‍ബോഡിയില്‍ നടത്തിയിരുന്നു. എന്നാല്‍ നാളിതുവരെയായിട്ടും അംഗീകാരം ലഭിക്കാത്ത പ്രസ്തുത ഭേദഗതികളുമായി ഭരണസമിതി മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇതും കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.

2006ലാണ് ഇന്നത്തെ ഭരണസമിതി അധികാരത്തിലേറുന്നത്. പിന്നീട് കേരളസമാജത്തിന്റെ മറ്റൊരു ജനറല്‍ ബോഡി വിളിക്കുന്നത് 2011ലും തുടര്‍ന്ന് 2014ലും. കഴിഞ്ഞ 10 വര്‍ഷത്തിനടയില്‍ ആകെ വിളിച്ച ജനറല്‍ ബോഡികളുടെ എണ്ണം മൂന്ന് മാത്രം. ഓരോവര്‍ഷവും ജനറല്‍ബോഡി വിളിച്ചു കൂട്ടി കണക്കവതരിപ്പിക്കണമെന്നും രജിസ്‌ട്രേഷന്‍ പുതുക്കണമെന്നും നിയമം അനുശാസിക്കുന്നുണ്ടെങ്കിലും അതിനൊക്കെ പുല്ലുവില കല്‍പ്പിച്ച് മുന്നോട്ടു പോകുന്ന ഭരണസമിതിക്ക് നിയമ പ്രാബല്യം ഉണ്ടോ എന്നതാണ് കോടതിക്കു മുമ്പില്‍ തീരുമാനത്തിനായി എത്തിയിരിക്കുന്ന പ്രധാന വിഷയം. എല്ലാ വര്‍ഷവും കണക്കവതരിപ്പിച്ച് പാസ്സാക്കുക എന്നതിന് ഒരു സംഘടനക്കും മാറ്റം വരുത്തുവാന്‍ കഴയില്ല എന്നാണ് രജിസ്റ്റാര്‍ ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ ലഭിച്ച വിവരം. എന്നാല്‍ 2014നു ശേഷം നാളിതുവരെ കേരളസമാജത്തിന്റെ കണക്കുകള്‍ ജനറല്‍ ബോഡിക്കു മുമ്പില്‍ അവതരിപ്പിക്കപ്പെട്ടിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

രജിസ്ട്രാര്‍ ഇടപെടുന്നു:
കേരള സമാജത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേടുണ്ടെന്ന് കാണിച്ച് രജിസ്ട്രാര്‍ ഓഫീസില്‍ കൊടുത്ത പരാതിയില്‍ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഓഗസ്റ്റ്11ന് കേരള സമാജത്തിന്റെ എല്ലാ ഒറിജിനല്‍ റിക്കാര്‍ഡുകളുമായി ഡപ്യൂട്ടി രജിസ്ട്രാര്‍ ഓഫ് സൊസൈറ്റി ഓഫീസില്‍ എത്തണമെന്ന് കേരള സമാജത്തിന് നോട്ടീസ്‌ നല്‍കിയിരുന്നു. അസൗകര്യം അറിയച്ചതിനെ തുടര്‍ന്ന് ഓഗസ്റ്റ് 25ലേക്ക് തീയതി നീട്ടി നല്‍കി. എന്നാല്‍ അന്നേ ദിവസവും ഒര്‍ജിനല്‍ റിക്കാര്‍ഡുകള്‍ ഹാജരാക്കുവാന്‍ കേരള സമാജം ഭാരവാഹികള്‍ക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് സെപ്തംബര്‍ ഏഴിലേക്ക് ഹിയറിങ് മാറ്റിവച്ച രജിസ്ട്രാര്‍ ഇനി മറ്റൊരു അവധി നല്‍കില്ലന്നും രേഖകള്‍ ഹാജരാക്കിയില്ലങ്കില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തുമെന്നും കേരള സമാജത്തിനു മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് സെപ്തംബര്‍ ഏഴിന് ഹാജരായപ്പോഴും എല്ലാ റിക്കാര്‍ഡുകളുടേയും ഒര്‍ജിനല്‍ കോപ്പി ഹാജരാക്കുവാന്‍ സാധിച്ചിട്ടില്ല. കൂടുതല്‍ അന്വേഷണത്തിനായി കേരളസമാജത്തിന്റെ ഓഫീസില്‍ നേരിട്ടെത്തുമെന്ന് അറിയിച്ചിരിക്കുകയാണ് ഡപ്യൂട്ടി രജിസ്ട്രാര്‍. കേരളസമാജത്തിന്റെ പല റിക്കാര്‍ഡുകളും കൃത്രിമമാണെന്ന ആരോപണം ഇവിടെ പ്രസക്തമാവുകയാണ്.

കഴിഞ്ഞ ജൂണില്‍ കെഎന്‍ഇ ട്രസ്റ്റില്‍ നടന്ന തിരഞ്ഞെടുപ്പോടു കൂടിയാണ് നീറിക്കൊണ്ടിരുന്ന കേരള സമാജത്തിലെ പ്രശ്‌നങ്ങള്‍ ഒരു പൊട്ടിത്തെറിയിലേക്ക് വളര്‍ന്നത്. കെഎന്‍ഇ ട്രസ്റ്റിലെ പ്രസിഡന്റായിരുന്ന ഡോ. കെ.സി സാമുവലിനെതിരെ കേരളസമാജത്തിലെ ഭൂരിപക്ഷം ഭരണസമിതി അംഗങ്ങളുടേയും എതിര്‍പ്പിനെ മ റികടന്ന് സെക്രട്ടറി ഏകപക്ഷീയമായി കേരള സമാജത്തിന്റെ സ്ഥാനാര്‍ത്ഥിയായി മറ്റൊരാളെ കൊണ്ടുവന്നതോടെയാണ് കേരളസമാജത്തില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പൊട്ടിത്തെറിക്ക് അരങ്ങൊരുങ്ങിയത്. മത്സരത്തില്‍ കേരളസമാജത്തിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെന്ന പേരില്‍ സെക്രട്ടറി അവതരിപ്പിച്ച സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി ഡോ. കെ.സി സാമുവല്‍ വന്‍ഭൂരിപക്ഷം നേടിയെങ്കിലും കേരള സമാജം സെക്രട്ടറി ട്രസ്റ്റില്‍ സൃഷ്ടിച്ചെടുത്തിട്ടുള്ള ഭൂരിപക്ഷമുപയോഗിച്ച് ട്രസ്റ്റിന്റെ ഭാരവാഹികള്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന് പരാജയപ്പെട്ടതിന്റെ പ്രതികാരം തീര്‍ക്കുകയായിരുന്നു.

ട്രസ്റ്റികള്‍ എല്ലാവരും തന്നെ കേരള സമാജത്തിന്റെ സജീവ പ്രവര്‍ത്തകരാണെന്നിരിക്കെ കേരളസമാജത്തിന്റെ ഭരണസമിതിയുടേയോ കമ്മറ്റിയുടേയോ ജനറല്‍ ബോഡിയുടേയോ യാതൊരു അംഗീകാരവും ഇല്ലാതെ പ്രസിഡന്റും സെക്രട്ടറിയും ഏകപക്ഷീയമായി എടുത്ത തീരുമാനങ്ങളായിരുന്നു ഇതെല്ലാം. ഇതിനെ ചോദ്യം ചെയ്ത കേരളസമാജത്തിന്റെ ഏഴ് അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലെ വൈസ്. പ്രസിഡന്റായ മനോഹരന്‍, ജോയന്റ്‌സെക്രട്ടറി ചിന്നന്‍, അസി.സെക്രട്ടറി സതീഷ്, ട്രഷറര്‍ ജോര്‍ജ് തോമസ് എന്നിവര്‍ക്കെതിരെ കേരള സമാജത്തിനെതിരെ പ്രവര്‍ത്തിച്ചു എന്ന പേരില്‍ സംഘടനയില്‍ നിന്ന് പുറത്താക്കാതിരിക്കുവാനുള്ള കാരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഷോക്കോസ് നോട്ടീസ് നല്‍കി. ഇതിനൊന്നും ഭരണസമിതിയുടേയോ ജനറല്‍ ബോഡിയുടേയോ നിര്‍ദ്ദേശം ഉണ്ടായിരുന്നില്ല. അതോടെ കേരള സമാജത്തിന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ അവശേഷിക്കുന്നത് പ്രസിഡന്റ് സി.പി രാധാകൃഷ്ണന്‍, ജന.സെക്രട്ടറി റജികുമാര്‍, കള്‍ച്ചറല്‍ സെക്രട്ടറി ജെയ്‌ജോ ജോസഫ് എന്നിവര്‍ മാത്രം.

കേരള സമാജത്തിന്റേയോ ട്രസ്റ്റിന്റേയോ താല്‍പര്യത്തേക്കാളുപരി ട്രസ്റ്റിന്റെ ഭരണം സ്വന്തം കൈപ്പിടിയിലൊതുക്കുവാനുള്ള ഗൂഢ നീക്കങ്ങളുടെ ഭാഗമായിരുന്നു ഈ കളികളെല്ലാം. ഈ തന്ത്രങ്ങള്‍ ആരംഭിക്കുന്നത് ഒറ്റ ദിവസംകൊണ്ടല്ല. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ആസൂത്രണങ്ങളും നിരന്തര പരിശ്രമങ്ങളും അതിനു പിന്നിലുണ്ട്.


ടസ്റ്റിന്റെ നിയമമനുസരിച്ച് ട്രസ്റ്റികളിലെ മൂന്നിലൊന്ന് അംഗങ്ങള്‍ ഓരോ വര്‍ഷവും മാറിക്കൊണ്ടിരിക്കും. കേരള സമാജത്തിന്റെ നിയന്ത്രണത്തിലേക്ക് ട്രസ്റ്റ് മാറിയപ്പോള്‍ ആ അവസരം മുതലെടുത്ത് തങ്ങള്‍ക്കു വ്യക്തപരമായി വിധേയരായിരിക്കുമെന്ന് ഉറപ്പുള്ളവരെ മാത്രം കണ്ടെത്തി കേരള സമാജത്തിന്റെ ബാനറില്‍ ട്രസ്റ്റികളാക്കുവാനുള്ള നീക്കം തുടങ്ങി. അല്ലാത്തവരെയെല്ലാം വെട്ടിനിരത്തി. അങ്ങനെ ട്രസ്റ്റില്‍ ഭൂരിപക്ഷം സൃഷ്ടിച്ചെടുത്ത് വ്യക്തി വാഴ്ച്ചക്ക് അവസരമൊരുക്കി. ഇത്തരം നീക്കങ്ങള്‍ തിരിച്ചറിയപ്പെടാതിരിക്കുവാന്‍ കേരള സമാജത്തോടുള്ള പ്രണയം എന്ന പുകമറ സൃഷ്ടിച്ചു. ഈ തന്ത്രത്തിന്റെ ഭാഗമായിട്ടായിരുന്നു ഡോ. കെ.സി സാമുവലിനേപ്പോലെയുള്ള പ്രഗത്ഭമതികള്‍ക്ക് സീറ്റ് നല്‍കാതെ മാറ്റി നിര്‍ത്തുവാനുള്ള നീക്കം നടത്തിയത്. പക്ഷെ ഡോ.സാമുവലിന്റെ വിജയം അപ്രതീക്ഷിതമായി അവര്‍ക്കേറ്റ തിരിച്ചടിയായി.
രണ്ടു വര്‍ഷം മുമ്പുതന്നെ പ്രവാസഭൂമിയും പിന്നീട് ബി.ജയപ്രകാശിനെ പോലുള്ള ചില വ്യക്തികളും വരാന്‍ പോകുന്ന അപകടം ചൂണ്ടിക്കാണിച്ചിരുന്നുവെങ്കിലും കേരള സമാജത്തിന്റെയും കെഎന്‍ഇ ട്രസ്റ്റിന്റേയും പ്രവര്‍ത്തകര്‍ അത് തിരിച്ചറിയുവാന്‍ വൈകി. അതുകൊണ്ടാണ് സ്വന്തം കൈയ്യില്‍ നിന്ന് പണം ചിലവഴിച്ചാണെങ്കിലും കോടതിവഴി ട്രസ്റ്റിനെ രക്ഷിച്ചെടക്കുവാന്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഇപ്പോള്‍ നിര്‍ബ്ബന്ധിതരായിരിക്കുന്നത്.

കേരള സമാജത്തിന്റെ ഭരണസമിതിയായ മുപ്പത്തഞ്ച് അംഗ കമ്മറ്റിയുടെ കഥയാണ് ഏറ്റവും വിചിത്രം. ഈ കമ്മറ്റിയുടെ ലിസ്റ്റ് പ്രസിഡന്റും സെക്രട്ടറിയുമൊഴികെ ആര്‍ക്കും അറിയില്ല. ആ ലിസ്റ്റ് നാളിതുവരെ പരസ്യപ്പെടുത്തിയിട്ടുമില്ല. 'ഓരോ കമ്മറ്റിയോഗത്തിലും കുറേ പുതു മുഖങ്ങളെ കാണാം. ഇന്നു കാണുന്നവരല്ല നാളെ വരുന്നത്. കേരള സമാജത്തെപ്പറ്റിയോ ട്രസ്റ്റിനെ പറ്റിയോ ഒന്നുംഅറിയാത്തവര്‍!!!. അവര്‍ വരുന്നു... സെക്രട്ടറി പറയുന്നതെല്ലാം അംഗീകരിച്ച് കൈയ്യടിക്കുന്നു. എതിര്‍ക്കുന്നവരുടെ ശബ്ദം അവരുടെ അട്ടഹാസത്തില്‍ മുക്കികളയുന്നു. കേരളസമാജം കമ്മറ്റി അംഗമായ ഒരു സജീവ പ്രവര്‍ത്തന്റെ കമന്റാണിത്. അദ്ദേഹം തുടര്‍ന്നു പറയുന്നു. കേരളസമാജത്തില്‍ മൂന്നുകൂട്ടം മെമ്പര്‍മാരാണുള്ളത്. സമാജത്തെ ആത്മാര്‍ത്ഥമായി സനേഹിക്കുന്ന ഒരു കൂട്ടര്‍. അവരുടെ എണ്ണം വളരെകുറവാണ്. ചക്കരക്കുടമായ ട്രസ്റ്റില്‍ എങ്ങനെയെങ്കിലും കയറിപ്പറ്റുവാനുള്ള കുറുക്കു വഴിയായി മാത്രം കേരളസമാജത്തെ ഉപയോഗിക്കുന്നവര്‍. അതീവ കുശാഗ്രബുദ്ധിക്കാരാണിക്കൂട്ടര്‍. ആര്‍ക്കോ എന്തിനോ വേണ്ടി ഒന്നുമറിയാതെ കൈയ്യടിക്കുന്ന മൂന്നാമത്തെ വിഭാഗം. കഥയറിയാതെ ആട്ടംകാണുവാനായി മാത്രം സൃഷ്ടിക്കപ്പെട്ടവര്‍!!. ജനറല്‍ബോഡിയിലും കമ്മറ്റികളിലും പങ്കടുപ്പിക്കുന്നവരില്‍ അവരാണ് ഭൂരിപക്ഷം. ഇത്തരം ശിഖണ്ഡികളെ മുന്നില്‍ നിര്‍ത്തി യുദ്ധം ചെയ്യുന്നവര്‍ക്ക് ഒറ്റ ലക്ഷ്യമേയുള്ളു. ട്രസ്റ്റില്‍ കയറിപ്പറ്റുക.' കെഎന്‍ഇ ട്രസ്റ്റ് ഇന്നൊരു അക്ഷയഖനിയാണ്. അതില്‍ പിടിമുറുക്കുക എന്നത് മാത്രമാണ് പലരുടേയും സ്വപ്നം.
Last Updated on Monday, 19 September 2016 13:20