കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടയില്‍ അണ്‍ലോക്കിന്‍റെ നാലാം ഘട്ടം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

Print Friendly, PDF & Email

രണ്ടര മാസക്കാലം നീണ്ടു നിന്ന ലോക്‍ഡൗണില്‍ നിന്ന് പുറത്തുകടക്കുന്നതിന്‍റെ ഭാഗമായി പ്രഖ്യാപിച്ച അണ്‍ലോക്കിന്‍റെ നാലാം ഘട്ട മാനദണ്ഡങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കേന്ദ്രഅഭ്യന്തര മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട മാ‍​ർ​ഗനി‍ർദേശങ്ങൾ പുറത്തിറക്കിയത്. സെപ്തംബ‍ർ ഒന്ന് മുതൽ പല ദിവസങ്ങളിലായി പുതിയ നി‍‍ർദേശങ്ങൾ ​നടപ്പാക്കി തുടങ്ങും. നഗരങ്ങളിലെ മെട്രോ സര്‍വ്വീസുകള്‍ പുനസ്ഥാപിക്കുന്നു എന്നതാണ് നാലാം ഘട്ട അണ്‍ലോക്കിന്‍റെ ഏറ്റവും വലിയ പ്രത്യേകത. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു വേണം സര്‍വ്വീസുകള്‍ നടത്താന്‍

സാംസ്കാരിക-കായിക-വിനോദ-സാമൂഹിക- ആത്മീയ-രാഷ്ട്രീയ യോ​ഗങ്ങൾക്കും മറ്റ് പൊതു പരിപാടികള്‍ക്കും കൂട്ടായ്മകള്‍ക്കും നിയന്ത്രിതമായ രീതില്‍ ഒത്തുചേരാം. പരമാവധി100 പേര്‍ വരെ മാത്രമേ ഇത്തരം പൊതു പരിപാടികളില്‍ പങ്കെടുക്കുവാന്‍ പാടുള്ളൂ. പങ്കെടുക്കുന്ന എല്ലാവരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ഇത്തരം സമ്മേളന നഗരിയില്‍ പങ്കെടുക്കുന്നവര്‍ നിര്‍ബ്ബന്ധമായും തെര്‍മല്‍ പരിശോദനക്ക് വിധേയരാകണം. സമ്മേളന സ്ഥലത്ത് ഹാൻഡ് വാഷും സാനിറ്റൈസറും കരുതിയിരിക്കണം.

ദേശീയ നൈപുണ്യ പരിശീലന കേന്ദ്രം, ഐടിഐകൾ, ഹ്രസ്വകാല പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയ തൊഴിൽ പരിശീലന കേന്ദ്രങ്ങള്‍ എന്നിവ ഒരോ സ്ഥലത്തേയും കോവിഡ് സാഹചര്യങ്ങള്‍ പരിഗണിച്ച് തുറക്കാന്‍ അനുമിതി. എന്നാല്‍ സ്‌കൂളുകള്‍, കോളേജുകള്‍, കോച്ചിങ് സെന്ററുകള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നി അടഞ്ഞു തന്നെ കിടക്കും. ഓണ്‍ലൈന്‍ ടീച്ചിങ്-ടെലി കൗണ്‍സിലിങ് എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 50 ശതമാനം ജീവനക്കാര്‍ക്ക്‌ സെപ്റ്റംബര്‍ 21 മുതല്‍ സ്‌കൂളുകളില്‍ എത്തിച്ചേരാം. 9 മുതൽ 12 വരെ ക്ളാസിലുള്ളവർക്ക് പഠനത്തിന് അദ്ധ്യാപകരുടെ സഹായം തേടി സ്കൂളുകളിലെത്താം. രക്ഷിതാക്കളുടെ രേഖാമൂലമുള്ള സമ്മതത്തിന് വിധേയമായിട്ടായിരിക്കണം കുട്ടികള്‍ സ്കൂളില്‍ വരേണ്ടത്. അതിനായി 50 ശതമാനം അധ്യാപകരെ സ്കൂളുകളില്‍ വരാന്‍ അനവദിക്കും. ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങളിലെ പിജി-​ഗവേഷക വിദ്യാ‍ത്ഥികൾക്ക് ലാബുകളിലും പരിശീലനകേന്ദ്രങ്ങളിലും പ്രവേശിക്കുവാന്‍ അനുമതി നല്‍കിയിരിക്കുകയാണ്. എന്നാല്‍ അവയും പ്രദേശത്തെ കോവിഡ് സാഹചര്യം കണക്കാക്കിവേണം പ്രവര്‍ത്തിക്കുവാന്‍.

സിനിമാ തിയേറ്ററുകളും സ്വിമ്മിങ്‌ പൂളുകളും തുറക്കില്ല. എന്നാല്‍, 21 മുതല്‍ ഓപ്പണ്‍ തിയേറ്ററുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. സംസ്ഥാനങ്ങൾക്ക് അകത്തെ യാത്രകൾക്കും സംസ്ഥാനന്തര യാത്രകൾക്കും ഒരു തരത്തിലുള്ള നിയന്ത്രണവും പാടില്ല. ഇത്തരം യാത്രകൾക്കായി സംസ്ഥാനങ്ങള്‍ പ്രത്യേക പെ‍ർമിറ്റോ പാസ്സോ ഏ‍ർപ്പെടുത്താൻ പാടില്ല. അതേസമയം 65 വയസിന് മുകളിൽ പ്രായമുള്ളവ‍ർക്കും പത്ത് വയസിന് താഴെ പ്രായമുള്ളവ‍ർക്കുമുള്ള യാത്രാവിലക്ക് തുടരും.

കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുമ്പോഴും രാജ്യത്ത് കോവിഡ് വ്യാപനം തീവ്രമായി തുടരുകയാണ്. 24 മണിക്കൂറിനിടെ 76472 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 34.63,972 വും ചികിത്സയലിരിക്കുന്നവരുടെ എണ്ണം 7,52,424 ആയി ഉയര്‍ന്നു. രാജ്യത്ത് ആകെ കൊവിഡ് മരണം 61,529 ആയി ഉയര്‍ന്നു. കോവിഡ വ്യാപനം ഏറ്റവും കൂടുതലുള്ളത് മഹാരാഷ്ട്രയിലാണ്. 16,867 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ പുതുതായി രോഗം ബാധിച്ചവര്‍. പ്രതിദിന രോഗ വര്‍ദ്ധനവില്‍ ഇത് റിക്കോര്‍ഡാണ്. ഇതോടെ മഹാരാഷ്ട്രയിലെ ആകെ രോഗികളുടെ എണ്ണം 7,64,281 ആയി കുതിച്ചുയര്‍ന്നു. രോഗവ്യാപനത്തില്‍ രണ്ടാം സ്ഥാനത്തുള്ള ആന്ധ്രയില്‍, ഇന്നലെ 10,548 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ആന്ധ്രയില്‍ തുടര്‍ച്ചയായി 4ാം ദിവസമാണ്പ്രതിദിന രോഗികളുടെ എണ്ണം 10000 കടക്കുന്നത്.

രോഗവ്യാപനത്തില്‍ രാജ്യത്ത് മൂന്നാം സ്ഥാനത്ത് കര്‍ണാടകമാണ്. ഇന്ന്മാത്രം 8324 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കര്‍ണാടകത്തില്‍ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,27,076 ആയി. ഇന്ന് 115 മരണങ്ങള്‍ കൂടി പുതുതായി റിപ്പോർട്ട് ചെയ്തതോടെ കർണാടകയിലെ ആകെ കൊവിഡ് മരണങ്ങൾ 5483 ആയി ഉയര്‍ന്നു. കര്‍ണാടകയിലെ രോഗവ്യാപനത്തില്‍ മുന്നില്‍ നില്‍ക്കുന്നത് തലസ്ഥാന നഗരമായ ബെംഗളൂരുവാണ്. 2993 പുതിയ കേസുകളാണ് ബംഗളുരുവിൽ നിന്ന് ഇന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രോഗ വ്യാപന നിയന്ത്രണത്തില്‍ രാജ്യത്ത് ആശാവഹമായ പുരോഗതി കൈവരിച്ചിരിക്കുന്നത് തമിള്‍നാട് മാത്രമാണ്. അവിടുത്തെ പ്രതിദിന രോഗവ്യാപനം ഇന്ന് 6352 പേരായി കുറഞ്ഞു. തമിഴ്നാട്ടിലെ ആകെ കൊവിഡ് കേസുകൾ 4,15,590 ആണ്. കേരളത്തിലും പ്രതിദിന രോഗ ബാധിതരുടെ എണ്ണം ഉയരുകയാണ്. 2397 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 2137 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 71701ആയി ഉയര്‍ന്നു.

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *