സ്വര്‍ണക്കടത്ത് കേസ്; അനില്‍ നമ്പ്യാര്‍ക്ക് ക്ലീന്‍ചിറ്റില്ല. വീണ്ടും ചോദ്യം ചെയ്യും.

Print Friendly, PDF & Email

സ്വര്‍ണ്ണക്കടത്ത് കേസില്‍ ജനം ടി.വി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ക്ക് ക്ലീന്‍ ചിറ്റില്ലെന്ന് കസ്റ്റംസ്. അഞ്ച് മണിക്കൂറാണ് അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെ തുടങ്ങിയ ചോദ്യം ചെയ്യൽ വൈകിട്ട് മൂന്നേമുക്കാൽ വരെ, നാലേമുക്കാൽ മണിക്കൂർ നീണ്ടുനിന്നു. കൊച്ചി എൻഐഎ ഓഫീസിൽ അനിൽ നമ്പ്യാരുടെ ചോദ്യം ചെയ്യൽ.

ജൂലൈ അഞ്ചിന് ഡിപ്ലോമാറ്റിക് ബാഗ് തുറന്ന് സ്വര്‍ണം കണ്ടെടുത്ത ദിവസം സ്വപ്നയും അനില്‍ നമ്പ്യാരുമായി രണ്ടു തവണ ഫോണില്‍ സംസാരിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഈ ഫോണ്‍ വിളി സംബന്ധിച്ച് സ്വപ്ന കസ്റ്റംസിന് മൊഴിയും നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് പിടിച്ചെടുത്ത സ്വർണം അടങ്ങിയ ബാഗേജ് നയതന്ത്രപാഴ്സലല്ല, വ്യക്തിപരമായ ആവശ്യത്തിന് കൊണ്ടുവന്നതാണെന്ന് കോൺസുൽ ജനറൽ കത്ത് നൽകിയാൽ രക്ഷപ്പെടാമെന്ന് ജനം ടി വി കോഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാർ ഉപദേശിച്ചെന്ന് പ്രതി സ്വപ്നപ്രഭാ സുരേഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അനില്‍ നന്പ്യാരെ ചോദ്യം ചെയ്യുന്നത്. സംഭാഷണത്തിലെ വിവരങ്ങള്‍ സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴിയായി നല്‍കിയിരുന്നു. മൊഴികളില്‍ പൊരുത്തക്കേടുണ്ടോ എന്നതാണ് കസ്റ്റംസ് അന്വേഷിക്കുന്നത്.

അനില്‍ നമ്പ്യാരെ കൂടാതെ സ്വപ്ന സുരേഷുമായി ഫോണില്‍ ബന്ധപ്പെട്ട മറ്റു ചിലരേയും വരും ദിവസങ്ങളില്‍ കസ്റ്റംസ് ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തും എന്നാണ് സൂചന. ഫോണില്‍ ബന്ധപ്പെട്ടവരില്‍ ചിലയാളുകള്‍ ഒളിവില്‍ പോകാന്‍ സ്വപ്ന സുരേഷിന് സഹായം ചെയ്തു നല്‍കിയെന്നാണ് കസ്റ്റംസിന്റെ നിഗമനം. ഡിപ്ലോമാറ്റിക് ബാഗേജ് സംബന്ധിച്ച് കോണ്‍സുലേറ്റിനെ കൊണ്ട് വിശദീകരണക്കുറിപ്പ് തയ്യാറാക്കാന്‍ സ്വപ്നയോട് പറഞ്ഞത് അനില്‍ നമ്പ്യാരാണെന്നും വിവരമുണ്ട്. അതേസമയം വാര്‍ത്ത ശേഖരിക്കാനാണ് താന്‍ സ്വപ്നയെ വിളിച്ചത് എന്നാണ് അനില്‍ നമ്പ്യാര്‍ നല്‍കുന്ന വിശദീകരണം.

അതേസമയം, മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെലോ അരുൺ ബാലചന്ദ്രനോട് ചോദ്യം ചെയ്യലിനായി എത്താൻ ഇന്ന് എൻഐഎ നോട്ടീസ് നൽകിയിരുന്നാണ്. എന്നാൽ വ്യക്തിപരമായ ചില കാര്യങ്ങളുള്ളതിനാൽ ഇന്ന് എത്താനാകില്ലെന്ന് അരുൺ ബാലചന്ദ്രൻ മറുപടി നൽകിയെന്നാണ് വിവരം. ഹാജരായാൽ ഇദ്ദേഹത്തെ നാളെ ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന സൂചന.

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *